നവകേരള സദസ് കണ്ണൂർ ജില്ലയിൽ പര്യടനം തുടരും; പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ
Nov 21, 2023, 08:12 IST

നവകേരള സദസിന്റെ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്നും തുടരും. ജില്ലയിലെ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അഴീക്കോട്, ധർമടം, കണ്ണൂർ, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുന്നത്. ഈ മണ്ഡലങ്ങൾക്ക് പുറമെ മട്ടന്നൂർ, പേരാവൂർ, കൂത്തൂപറമ്പ് മണ്ഡലങ്ങളിലെയും പൗരപ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും രാവിലെ 9 മണിക്ക് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. മുഖ്യമന്ത്രിക്കെതിരെ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്.