നിപ: രോഗലക്ഷണങ്ങളുള്ള അഞ്ച് പേർ ഐസോലേഷനിൽ; പുതിയ പോസിറ്റീവ് കേസുകളില്ല

nipa

സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലെന്നും നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ നാല് ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 

അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടതിനാൽ ഐസോലേഷനിലാക്കിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. 1192 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. അതേസമയം കോഴിക്കോട് ജില്ലയിൽ അടുത്ത ശനിയാഴ്ച വരെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകളെടുക്കും. 

ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ ഐസോലേഷനിലാക്കിയ അഞ്ച് പേരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന നാല് പേരുടെയും നിലയിൽ പുരോഗതിയുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കുന്ന കാര്യത്തിൽ അനുഭാവപൂർണമായ തീരുമാനമുണ്ടാകുമെന്നും തത്കാലം ഇവർ ബില്ല് അടയ്‌ക്കേണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.
 

Share this story