നിപ സംശയം: ആശങ്ക വേണ്ടെന്ന് മന്ത്രി റിയാസ്; മാസ്‌ക് ധരിക്കുന്നതാണ് നല്ലത്

നിപ സംശയം ഉയർന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി സർക്കാർ. അയഞ്ചേരി, മരുതോങ്കര പഞ്ചായത്തിൽ സമ്പർക്കത്തിൽപ്പെട്ട ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജിന് പിന്നാലെ മുഹമ്മദ് റിയാസും യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റിസൽട്ട് പോസീറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്തൊക്കെ നടപടികൾ വേണമെന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് യോഗശേഷം മന്ത്രി അറിയിച്ചു.
നിപ ലക്ഷണങ്ങളോടെ ഒരു രോഗി മരിച്ച മരുതോങ്കരയിൽ ആശങ്കക്ക് വകയില്ലെന്നും ഇവിടെ 90 വീടുകളിൽ പരിശോധന നടത്തിയെന്നും മന്ത്രി അറിയിച്ചു. ആയഞ്ചേരിയിൽ വാർഡ് 13നാണ് മറ്റൊരു രോഗി മരിച്ചത്. ഇവിടെയും നിലവിൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
അമിത ആശങ്ക വേണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണം. രോഗികളെ സന്ദർശിക്കുന്നതിൽ എല്ലാവരും ജാഗ്രത പുലർത്തണം. നിലവിൽ മാസ്‌ക് നിർബന്ധമിക്കായിട്ടില്ല. എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.