നിപ സംശയം: കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി

പനിയെ തുടർന്ന് രണ്ട് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നിപ സംശയം നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി. ജില്ലയിൽ കർശന ആരോഗ്യ ജാഗ്രത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം. ആശുപത്രികൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.
സ്രവ സാമ്പിളുകളുടെ ഫലം ഇന്ന് വൈകുന്നേരം പൂനെയിൽ നിന്ന് എത്തും. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദേശം നൽകി. വവ്വാൽ, കാട്ടുപന്നി എന്നിവയാണ് നിപ വൈറസിന്റെ വാഹകരെന്നതിനാൽ ഇവയുമായുള്ള സമ്പർക്കം ഒഴിവാക്കാനും നിർദേശമുണ്ട്.
ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും. എല്ലാ ആശുപത്രികളിലും പകർച്ചവ്യാധി നിയന്ത്രണ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. കഴിവതും ആശുപത്രി സന്ദർശനം ഒഴിവാക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചു.