നിപ പരിശോധന: 11 സാമ്പിളുകൾ കൂടി നെഗറ്റീവ്; സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ

നിപ സംശയത്തെ തുടർന്ന് ഇന്നലെ പരിശോധനക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരമാണ് പരിശോധനാ ഫലം വന്നത്. അതേസമയം ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ ഇന്ന് നിപ പരിശോധനക്കായി അയച്ചിട്ടുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ പോലീസ് സഹായം തേടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പാക്കാൻ കെ.എം.എസ്.സി.എല്ലിനോട് ആരോഗ്യ വകുപ്പ് നിർദേശിച്ചു
നിപ രോഗികളുടെ സമ്പർക്ക പട്ടികയിൽ ഇന്നലെ പുതുതായി 234 പേരെ കൂടി കണ്ടെത്തി. ആകെ 950 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 213 പേർ ഹൈ റിസ്‌ക് പട്ടികയിലാണ്. 287 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. 17 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. ഇന്നലെ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.