നിപ വൈറസ് ബാധ: നിയമസഭയിൽ സർക്കാർ ഇന്ന് പ്രത്യേക പ്രസ്താവന നടത്തും

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് സംബന്ധിച്ച് നിയമസഭയിൽ ഇന്ന് സർക്കാർ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് ആയിരിക്കും പ്രസ്താവന നടത്തുക. നിപ്പ വൈറസ് ബാധയെ തുടർന്നുണ്ടായ സമഗ്രമായ വിവരങ്ങൾ പ്രസ്താവനയിൽ പ്രതിപാദിക്കും. രോഗബാധ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളും പ്രസ്താവനയിൽ ഉൾപ്പെടുത്തും. ശൂന്യവേളയ്ക്കുശേഷം ആയിരിക്കും നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുക.
പതിനൊന്നാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ഘട്ടങ്ങളിലായി ചേർന്ന സഭാ സമ്മേളനത്തിന്റെ അവസാന ദിനം ഭൂപതിവ് നിയമഭേദഗതി നിയമമാകും. 1964ലെ ഭൂപതിവ് നിയമത്തിന്റെ നാലാം വകുപ്പിലാണ് ഭേദഗതി വരുത്തുന്നത്. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വക മാറ്റിയവർക്ക് ക്രമവൽക്കരിച്ച് നൽകാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. നെൽ സംഭരണത്തിലെ കുടിശ്ശിക അടക്കമുള്ള കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ് ആയി വിഷയം അവതരിപ്പിക്കാനാണ് ധാരണ.