ഇനി മയക്കുവെടി വെയ്ക്കരുത്; അരിക്കൊമ്പനായി സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി

Arimkomban

ഒരിടവേളയ്ക്ക് ശേഷം അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. ആനയെ ഇനി മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. വാക്കിങ് ഐ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് വേണ്ടി അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നേരത്തെ തമിഴ്‌നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി അക്രമം നടത്തിയ ആനയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ എത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആനയുടെ ചിത്രം തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു. കടുവാ സങ്കേതവുമായി ആന ഇണങ്ങിക്കഴിഞ്ഞെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ആന രണ്ടാഴ്ച കൊണ്ട് ക്ഷീണിച്ചെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നു. ഇത് വനംവകുപ്പ് പൂര്‍ണമായും തള്ളിയിട്ടുണ്ട്,. ഇത് മൂന്നാം തവണയാണ് ആനയുടെ ദൃശ്യങ്ങള്‍ തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിടുന്നത്. 

ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും. കേരളത്തിലെ  നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്. 

ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിച്ചിരുന്ന ആന ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെയാണ് മയക്കുവെടി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് ആനയ്ക്ക് മയക്കുവെടിയേറ്റത്. തമിഴ്നാട് വനംവകുപ്പാണ് വെടിവെച്ചത്. ഇതോടെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആന നിലയുറപ്പിക്കുകയായിരുന്നു. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയ ആനയെ തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ മയക്കുവെടിയേറ്റ ആനയ്ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് കാലുകള്‍ വടം ഉപയോഗിച്ച് ബന്ധിച്ചത്. തുടർന്നാണ് തുമ്പിക്കൈയിലെ മുറിവ് അടക്കം പരിഗണിച്ച് ചികിത്സ നൽകിയത്.

Share this story