തള്ളയാനയെ കാത്തിരിക്കാൻ ഇനി കൃഷ്ണയില്ല; അട്ടപ്പാടിയിലെ കുട്ടിയാന ചരിഞ്ഞു
Jun 28, 2023, 08:51 IST

അട്ടപ്പാടി പാലൂരിൽ തള്ളയാനയെ കാത്തിരുന്ന കൃഷ്ണ എന്ന കുട്ടിയാന ചരിഞ്ഞു. ബൊമ്മിയാംപടിയിലെ വനംവകുപ്പ് ക്യാമ്പിലാണ് കുട്ടിയാന കഴിഞ്ഞിരുന്നത്. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് പാലൂരിലെ ജനവാസ മേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിയത്. പിന്നാലെ തള്ളയാന കുട്ടിയാനയെ കാടുകയറ്റി കൊണ്ടുപോയി. എന്നാൽ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും ജനവാസ മേഖലയിൽ എത്തി.
തുടർന്ന് വനംവകുപ്പ് കുട്ടിയാനക്ക് വെള്ളവും ഭക്ഷണവും നൽകി. കൃഷ്ണ വനത്തിൽ നിന്ന് വന്നതിനാൽ കൃഷ്ണ എന്ന പേരും കുട്ടിയാനക്ക് നൽകി. രാത്രി കൃഷ്ണക്ക് സമീപം തള്ളയാന എത്തിയെങ്കിലും കുട്ടിയെ ഒപ്പം കൂട്ടാതെ വനത്തിലേക്ക് മടങ്ങുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ബൊമ്മിയാംപടിയിലെ ക്യാമ്പിലാണ് കൃഷ്ണ കഴിഞ്ഞിരുന്നത്.