ആരോപണങ്ങളോട് പ്രതികരിക്കാത്തത് ധാർഷ്ട്യം; മുഖ്യമന്ത്രിക്കെതിരെ ജനങ്ങൾ പ്രതികരിക്കുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണമുയർന്നിട്ടും മൗനം തുടരുന്നത് കുറ്റസമ്മതമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞു. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടെന്ന് ധരിക്കുന്നത് ധാർഷ്ട്യമാണ്. മുഖ്യമന്ത്രി വാസ്തവത്തിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിക്ക് എതിരായി ജനങ്ങൾ പ്രതികരിക്കും. അതിന്റെ പ്രതിഫലനമാകും പുതുപ്പള്ളിയിൽ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ് ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുന്നു.സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ല. ഇത്തവണ ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥയാണ്. തുടർ ഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്. ഇപ്പോൾ ചാണ്ടി ഉമ്മൻ ജയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതാണ് ഏറ്റവും പ്രധാനപ്പെട്ട അജണ്ട, ചാണ്ടി ഉമ്മന് ചരിത്ര വിജയമായിരിക്കും. മറ്റൊരു വിഷയത്തെ പറ്റിയും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.