ഭയന്നിട്ടാണ് നാട് വിട്ടുപോയതെന്ന് നൗഷാദ്; അഫ്‌സാനയുടെ മൊഴിയെ കുറിച്ച് അറിയില്ല

afsana

തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ അഫ്‌സാന എന്തുകൊണ്ടാണ് പറഞ്ഞതെന്ന് അറിയില്ലെന്ന് പത്തനംതിട്ട കലഞ്ഞൂരിൽ നിന്നും കാണാതായ നൗഷാദ്. ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്ന് പോലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽ നൗഷാദ് വെളിപ്പെടുത്തി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചു കൊണ്ടുവന്നിരുന്നു. ഇവർ നൗഷാദിനെ മർദിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ നാട് വിട്ടത്. ഇക്കാലമത്രയും ഫോൺ ഉപയോഗിക്കാതെയാണ് ഇയാൾ ജീവിച്ചത്. ഇതാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും ഇയാളെ കണ്ടെത്താനോ ബന്ധപ്പെടാനോ സാധിക്കാതിരുന്നത്

തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദ് കൊല്ലപ്പെട്ടതായുള്ള വാർത്തകൾ ഇന്നലെ മുതൽ പ്രചരിച്ചിരുന്നു. ചിത്രം കണ്ട് തൊടുപുഴയിലെ പോലീസുകാരനായ ജയ്‌മോന് സംശയം തോന്നുകയും ജയ്‌മോൻ നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിൽ ഉള്ളത് നൗഷാദ് തന്നെയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. 

 നൗഷാദിനെ താൻ കൊന്ന് കുഴിച്ചു മൂടിയതായി അഫ്‌സാന ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവരുമായി പലയിടത്തും തെളിവെടുപ്പ് നടത്തിയെങ്കിലും യാതൊരു തുമ്പും പോലീസിന് ലഭിച്ചിരുന്നില്ല. മൊഴികൾ പലവട്ടം മാറ്റിപ്പറഞ്ഞ് പോലീസിനെ വലക്കുന്ന സമീപനമാണ് അഫ്‌സാന സ്വീകരിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ അഫ്‌സാനയുടെ എല്ലാ മൊഴികളും കളവമാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. പിന്നാലെ നൗഷാദിനായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. 

2021 നവംബറിലാണ് നൗഷാദിനെ കാണാതായത്. ആറ് മാസം മുമ്പ് അഫ്‌സാനയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം അടൂരിൽ വെച്ച് നൗഷാദിനെ കണ്ടതായി അഫ്‌സാന പറഞ്ഞത് അറിഞ്ഞാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചോദ്യം ചെയ്യലിൽ നൗഷാദിനെ താൻ കൊന്ന് കുഴിച്ചുമൂടിയെന്ന് അഫ്‌സാന പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പരുത്തിപ്പാറയിലെ വീട് അടക്കമുള്ള പ്രദേശങ്ങളിലും സമീപത്തെ സെമിത്തേരിയിലുമൊക്കെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല

ചോദ്യം ചെയ്യലിനിടെ താൻ ഏതുവിധേനയും നൗഷാദിനെ തിരികെ എത്തിക്കുമെന്ന് അഫ്‌സാന പറഞ്ഞിരുന്നു. ഇതോടെയാണ് നൗഷാദ് കൊല്ലപ്പെട്ടിട്ടില്ലെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. നാടുവിട്ട നൗഷാദിനെ തിരികെ എത്തിക്കാനുള്ള അഫ്‌സാനയുടെ നാടകമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന സൂചനയാണ് പോലീസിനുള്ളത്. നൗഷാദിനെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചിട്ടുണ്ട്. 


 

Share this story