വാട്ടർ മെട്രോയിൽ ഇനി മുതൽ 5ജി സേവനം ആസ്വദിച്ച് യാത്ര ചെയ്യാം; പുതിയ ചുവടുവെപ്പുമായി ഈ ടെലികോം സേവന ദാതാക്കൾ

കൊച്ചി വാട്ടർ മെട്രോയിൽ 5ജി സേവനം ലഭ്യമാക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. ഇതോടെ, വാട്ടർ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇനി 5ജി സേവനം ലഭ്യമാകും. ഹൈക്കോടതി-വൈപ്പിൻ, വൈറ്റില-കാക്കനാട് ടെർമിനലുകളിൽ ഉള്ളവർക്ക് ഈ സർവീസ് ഉപയോഗിക്കാവുന്നതാണ്. വാട്ടർ മെട്രോയിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന ആദ്യ ടെലികോം ഓപ്പറേറ്റർ കൂടിയാണ് ഭാരതി എയർടെൽ.
സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളിലേക്കും 5ജി സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. ‘അതിവേഗ ഇന്റർനെറ്റ് ജനങ്ങൾക്ക് ലഭ്യമാക്കുന്ന അവസരത്തിൽ സന്തോഷമുണ്ട്. ഇത് എയർടെലിനെ സംബന്ധിച്ച് വലിയ നേട്ടം കൂടിയാണ്’, എയർടെൽ സിഇഒ അമിത ഗുപ്ത പറഞ്ഞു. കൊച്ചിയിലെ പത്തോളം ദ്വീപുകളെ പരസ്പരം ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന വാട്ടർ മെട്രോ കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചത്.