ഇനി ഒരേ ബസിൽ ഇരുന്നും കിടന്നും പോകാം; ആദ്യ ഹൈബ്രിഡ് സ്വിഫ്റ് ബസുമായി കെഎസ്ആർടിസി

KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി - സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നു കരുതൽ ധനമായി വാങ്ങിയ തുക ഉപയോ​ഗിച്ച് സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. കൂടുതൽ സൗകര്യങ്ങളോട് കൂടിയ 2x1 സീറ്റുകൾ ( ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് ഒരു സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്.

എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ ചാർജിങ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാ​ഗേജുകൽ സൂക്ഷിക്കാൻ ല​ഗേ​ജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്‍റെ രൂപകൽപ്പന. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇത് പോലുള്ള പുതിയ ഡിസൈൻ ഉപയോ​ഗിക്കാനാണ് തീരുമാനം. എയർ സസ്പെഷനോട് കൂടിയ 12 മീറ്റർ അ​ശോക് ലൈലാന്‍റ് ഷാസിയിൽൽ, ബിഎസ് 6 ചേയ്സിലുമായി എസ്.എം കണ്ണപ്പ ബംഗളുരു ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്.

200 എച്ച് പി പവർ ആണ് ഈ ബസുകൾക്ക് ഉള്ളത്. സുരക്ഷയ്ക്ക് രണ്ട് എമർജസി വാതിലുകളും , നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിം​ഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ തിരുവനന്തപുരം- കാസർ​ഗോഡ് റൂട്ടിൽ ഒരു എസി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക. ഇതിന്‍റെ സ്വീകരണാർഥം കൂടുതൽ ബസുകൾ പിന്നീട് പുറത്തിറക്കും.

Share this story