കടമക്കുടി കൂട്ട ആത്മഹത്യക്ക് പിന്നിൽ ഓൺലൈൻ ലോൺ കെണി; യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു
Sep 13, 2023, 14:49 IST

എറണാകുളം കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തതിന് കാരണം ഓൺലൈൻ ലോൺ എന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്
ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ഇന്നലെയാണ് കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടത്.
മാടശ്ശേരി വീട്ടിൽ നിജോ, ഭാര്യ ശിൽപ, മക്കളായ ഏബൽ(7), ആരോൺ(5) എന്നിവരാണ് മരിച്ചത്. നിജോയും ഭാര്യയും തൂങ്ങിമരിച്ച നിലയിലും ഏബലും ആരോണും വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.