ഓൺലൈൻ പണം തട്ടിപ്പ്: കൊച്ചിയിൽ 400 കേസുകൾ

കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ആറു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് നാനൂറോളം ഓൺലൈൻ പണം തട്ടിപ്പ് കേസുകൾ. ഇത്രയും കേസുകളിലായി 25 കോടിയോളം രൂപ പലർക്കായി നഷ്ടപ്പെട്ടു. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രമാണ് 20 കോടിയോളം രൂപ നഷ്ടപ്പെട്ടിരിക്കുന്നത്. ഇരകളായവരിൽ ഉന്നതപദവിയിൽ ജോലി ചെയ്യുന്നവർ മുതൽ സാധാരണക്കാർ വരെയുണ്ട്. കേസുകൾ കൂടിയതോടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാംസുന്ദറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

വ്യാജ ഓൺലൈൻ ട്രേഡിംഗ്, ലഹരി കൊറിയർ തട്ടിപ്പ് എന്നിവ വഴിയും പണം തട്ടുന്ന രീതിയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ പിന്തുടരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകൾ പണം നൽകി സ്വന്തമാക്കി, തട്ടിയെടുക്കുന്ന പണം ഇതിലേക്ക് മാറ്റി ഉടനടി പിൻവലിക്കുന്നതാണ് ഇവരുടെ രീതി. പ്രതികളിലേക്ക് എത്തുക ശ്രമകരമാണെന്ന് പൊലീസ് തുറന്നു സമ്മതിക്കുന്നു. പൊതുജനങ്ങൾ സൈബർ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ജൂൺ വരെയുള്ള സൈബർ തട്ടിപ്പ് കേസുകളിൽ 40 ശതമാനത്തിൽ താഴെ പ്രതികളെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

മറ്റ് ജില്ലകളിൽ സൈബർ തട്ടിപ്പ് കേസുകളിൽ പിടിയിലായിട്ടുള്ളവരെ ചോദ്യംചെയ്തിലൂടെ കൊച്ചിയിലെ പല കേസുകളിലും ബന്ധമുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. അക്കൗണ്ടുകൾ അറിഞ്ഞും അറിയാതെയും സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് വിറ്റവരെ പ്രതിചേർക്കാൻ സാധിക്കില്ലെന്ന് പൊലീസ് പറയുന്നു.

കൊച്ചിയിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിൽ അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ ബാങ്ക് മാനേജറെയും ജീവനക്കാരെയും പ്രതിചേർത്തിട്ടുണ്ട്. മരിച്ച ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ പോലും തട്ടിപ്പ് സംഘങ്ങൾക്കായി കൈമാറിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 400 തട്ടിപ്പ് കേസുകളിൽ പണം പോയിട്ടുള്ളതെല്ലാം സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കാണ്. ഒരു പ്രധാന സ്വകാര്യ ബാങ്കും സംശയനിഴലിലുണ്ട്. ഉത്തരേന്ത്യൻ സംഘങ്ങളാണ് സൈബർ തട്ടിപ്പുകൾക്കെല്ലാം പിന്നിൽ. ഇവർക്ക് ബാങ്ക് ഉദ്യോഗസ്ഥരുടെ വരെ സഹായം ലഭിക്കുന്നുണ്ട്. ഇത്തരം സംഘങ്ങളിൽ മലയാളികൾക്ക് ബന്ധമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാം സുന്ദ‌ർ പറഞ്ഞു.

Share this story