തലസ്ഥാനത്തോട് യാത്ര പറഞ്ഞ് ഉമ്മൻ ചാണ്ടി; പുതുപ്പള്ളിയിലേക്ക് അവസാന യാത്ര

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവുമായി വിലാപയാത്ര തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. തലസ്ഥാനത്ത് പുതുപ്പള്ളി ഹൗസിലും ദർബാർ ഹാളിലും പാളയം പള്ളിയിലും കെപിസിസി ആസ്ഥാനത്തുമെല്ലാം പൊതുദർശനത്തിന് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവരെ നിയന്ത്രിക്കാൻ നേതാക്കളും പോലീസും പാടുപെട്ടു.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപ യാത്ര കോട്ടയത്തേക്ക് നീങ്ങുന്നത്. വൈകുന്നേരത്തോടെ വിലാപയാത്ര തിരുനക്കരയിലെത്തും. തിരുനക്കര മൈതാനത്ത് ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകൾ ആരംഭിക്കും
തിരുവനന്തപുരം മുതൽ കോട്ടയം വരെ എംസി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. കോട്ടയത്ത് ഇന്ന് സ്‌കൂളുകൾക്ക് ഉച്ച കഴിഞ്ഞ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.