ജീവിച്ചിരുന്നതിനേക്കാൾ കരുത്തനാണ് വിട പറഞ്ഞ ഉമ്മൻ ചാണ്ടി; ഓര്‍മകള്‍ പാർട്ടിയെ ശക്തിപ്പെടുത്തും

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ കെപിസിസിയുടെ ഔദ്യോഗിക അനുശോചനം ഈ മാസം 24നാണ്. അതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകൾ പ്രാർഥിക്കുന്നുണ്ട്. ആളുകളുടെ അസാധാരണ സ്‌നേഹപ്രകടനമാണ് പുതുപ്പള്ളിയിൽ കാണുന്നത്.
ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ കരുത്തനാണ് വിട പറഞ്ഞ ഉമ്മൻ ചാണ്ടിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഒരാളോടുള്ള സ്‌നേഹത്തിന്റെ ആഴമാണ് ഇതിലൂടെ നാം കാണുന്നത്. അത് ഒരുപക്ഷേ കേരളത്തിൽ ഉമ്മൻ ചാണ്ടിക്കല്ലാതെ മറ്റാർക്കും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അദ്ദേഹം നൽകിയ സ്‌നേഹം ആളുകൾ പതിന്മടങ്ങായി തിരിച്ചുനൽകുന്ന വികാരപരമായ രംഗങ്ങളാണ് നാം കാണുന്നത്.
ഉമ്മൻ ചാണ്ടിയുടെ ഓർമകൾ പാർട്ടിയെയും സമൂഹത്തെയും ജനാധിപത്യചേരിയെയും യുഡിഎഫിനെയുമെല്ലാം ശക്തിപ്പെടുത്തുമെന്ന ഉറപ്പ് എനിക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു