ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം: കുടുംബം മികച്ച ചികിത്സ നൽകി, സർക്കാരിന് ഇടപെടേണ്ടി വന്നില്ല

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സക്ക് സർക്കാരിന് ഇടപെടേണ്ടി വന്നെന്ന വിവാദത്തിൽ മറുപടിയുമായി വിഡി സതീശൻ. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്നും പിന്നീട് സർക്കാർ ഇടപെടേണ്ടി വന്നെന്നും ഇതിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും സിപിഎം നേതാവ് അനിൽ കുമാർ പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ സർക്കാരിന് ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കുടുംബം നന്നായി തന്നെ ചികിത്സ നൽകിയെന്നും വിഡി സതീശൻ പറഞ്ഞു. മികച്ച ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ഭാര്യയും മക്കളും കോൺഗ്രസ് പാർട്ടിയുമായി ആലോചിച്ചാണ് ചികിത്സ നടത്തിയത്.
സിപിഎം നടത്തുന്നത് തരംതാഴ്ന്ന പ്രചാരണമാണ്. സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് ചാണ്ടി ഉമ്മൻ പോകരുതെന്നാണ് അവർ പറയുന്നത്. ചാണ്ടി ഉമ്മൻ സ്ഥാനാർഥിയായി വന്നപ്പോൾ കുടുംബത്തെ അധിക്ഷേപിക്കാൻ സിപിഎം മൂന്നാം നില നേതാക്കളെ ഇറക്കിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.