അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നത് സിബിഐ അന്വേഷിക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം

satheeshan

അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നത് സിബിഐ അന്വേഷിക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം. ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം വൈദ്യുതി കരാർ റദ്ദാക്കിയതിൽ സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സർക്കാർ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് റെഗുലേറ്ററി കമ്മീഷൻ നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ കരാർ കാരണം വൈദ്യുതി നിരക്ക് ഉയർത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും പറഞ്ഞു. 

വളരെ ലാഭകരമായിരുന്ന ഒരു കരാർ റദ്ദാക്കി. ഏകദേശം അത്രത്തോളം തന്നെ രൂപ കൂടുതൽ നൽകേണ്ട ഒരു കരാറിലേക്ക് പോകേണ്ട സ്ഥിതിയിലേക്ക് ബോർഡ് എത്തിയിരിക്കുന്നു. കരാർ റദ്ദാക്കുമ്പോൾ അവർക്ക് വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരും. പുതിയ കരാറിൽ ഏർപ്പെടുമ്പോൾ ബോർഡിന് വരുന്ന ഭീമമായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് സർചാർജായി ഈടാക്കാനാണ് നീക്കം. ഒരു പ്രാവശ്യം വൈദ്യുതി ചാർജ് കൂട്ടിക്കഴിഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നു വന്ന ഗൗരവതരമായ പാളിച്ചയുടെ ഭാരം ഉപഭോക്താവിന്റെ തലയിൽ വന്ന് വീഴുമോ എന്ന ആശങ്കയാണ് ഞങ്ങൾ ഉന്നയിക്കുന്നത് സതീശൻ പറഞ്ഞു.
 

Share this story