മുഖ്യമന്ത്രിയോടും സർക്കാരിനോടും ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

satheeshan

മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന സർക്കാരിനോടും ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുപ്പള്ളിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

1. സിഎംആർഎൽ വിവാദത്തിൽ യാതൊരു സർവീസും ചെയ്യാതെ ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ എക്സാലോജിക് എന്ന കമ്പനിക്ക് കൊടുത്തു ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സ്റ്റാറ്റിയൂട്ടറിബോഡി തന്നെ പറയുന്നു. അഴിമതി നടന്നു എന്ന് വ്യക്തം. എന്നിട്ട് വിജലൻസിനെ കൊണ്ട് അഴിമതിനിരോധന നിയമം അനുസരിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ട്?

2. ഏഴുപത് കോടി രൂപയിൽ താഴെ തീർക്കാമായിരുന്ന എഐ ക്യാമറകൾ സ്ഥാപിക്കാൻ 150 കോടി രൂപയോളം ചെലവാക്കുകയും പ്രസാഡിയോ എന്ന കമ്പനിക്ക് വഴിവിട്ട് കാരാർ നൽകുകയും ചെയ്തു. ഇതിൽ അന്വേഷണം നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും എന്തു കൊണ്ട്?

3. കെ. ഫോൺ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയ്യാറാകുന്നില്ല?

4. മഹാമാരിയുടെ കാലത്ത് പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയവ വാങ്ങിയതിൽ അഴിമതി നടന്നു. വഴിവിട്ട ഈ വാങ്ങലിന് എന്തുകൊണ്ടാണ് മുഖ്യമന്ത്രി അനുമതി നൽകിയത് എന്ന് അദ്ദേഹം വ്യക്തമാക്കണം.

5. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായിരുന്നു. മുഖ്യമന്ത്രി ലൈഫ് മിഷന്റെ ചെയർമാനാണ്. 46 ശതമാനം കമ്മീഷനാണ് ലൈഫ് മിഷൻ പദ്ധതിയിൽ അടിച്ചുമാറ്റിയത്. വിജിലൻസ് അന്വേഷണം എന്തുകൊണ്ടാണ് ഇതുവരെ ഒരിടത്തും എത്താത്തത്?

6. കേരളത്തിൽ പൊലീസ് ഇരട്ടനീതിയാണ് കാണിക്കുന്നത്. തിരുവമ്പാടിയിലെ മുൻ എംഎൽഎ ജോർജ് എം തോമസ് പോക്സോ കേസിൽ ഇടപെട്ട് യഥാർഥ പ്രതിയെ മാറ്റി മറ്റൊരു പ്രതിയെ നൽകി. വിഷയത്തിൽ പാർട്ടി നടപടി മാത്രമാണ് എടുത്തത്? പാർട്ടി ആണോ പൊലീസ് സ്റ്റേഷൻ? പാർട്ടി ആണോ കോടതി? തൃശൂരിലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ത്രീയെ അപമാനിച്ചു എന്ന കേസിന് പാർട്ടി നടപടി മാത്രം. എന്തുകൊണ്ടാണ് ആ പരാതി പൊലീസ് അന്വേഷിക്കാത്തത്. കേസിൽ സിപിഎം നേതാക്കൾക്ക് ഒരു നീതിയും ബാക്കിയുള്ളവർക്ക് ഒരു നീതിയുമാണ് ഇതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?

7. ഓണക്കാലമാണ്. സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. ഇവിടെ നെൽകർഷകർക്ക് പണം കൊടുക്കുന്നില്ല. കാർഷിക മേഖല തകർന്നു. വിലക്കയറ്റം രൂക്ഷം. സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷം. കിറ്റിന്റെ എണ്ണം കുറച്ചു. മഹാമാരികാലത്ത് കൊടുത്ത കിറ്റിന്റെ പണം ഇതുവരെ സപ്ലൈകോയ്ക്ക് കൊടുത്തിട്ടില്ല. ഈ ഓണക്കാലത്ത് ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതിൽ മുഖ്യമന്ത്രിക്ക് പങ്കില്ലേ?

എന്നിങ്ങനെ ഏഴ് ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

Share this story