അവയവക്കച്ചവടം: രണ്ടുവർഷം മുമ്പേ റിപോർട്ട് വന്നു

കൊച്ചി: കേരളത്തില്‍ അവയവക്കച്ചവടം സജീവമെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നിട്ട് രണ്ടുവർഷം പിന്നിടുന്നു. അതിനു മുൻപും അവയവക്കച്ചവട മാഫിയ സംസ്ഥാനത്ത് സജീവമായിരുന്നു എന്നതാണ് കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ നടന്ന കച്ചവടത്തിലൂടെ വ്യക്തമാകുന്നത്. നിരവധി അനധികൃത ഇടപാടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള മാഫിയ പങ്കാളികളാണ്. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം.
അപകടം സംഭവിച്ചോ മറ്റു ഗുരുതരാവസ്ഥയിലോ ആശുപത്രികളില്‍ എത്തുന്ന രോഗിയെ രക്ഷിക്കുന്നതിനേക്കാള്‍ കൊല്ലുന്നതിനാണ് ആശുപത്രികള്‍ തിടുക്കം കാണിക്കുന്നതെന്നാണ് ആരോപണം. അവസ്ഥ ഗുരുതരമായാല്‍ ഇനി ജീവിക്കില്ലെന്ന് ബന്ധുക്കളെ അറിയിക്കുന്നു. ഒപ്പം, വെന്റിലേറ്റരില്‍ നിന്നും പുറത്തെടുത്താല്‍ 15 മിനിറ്റ് പോലും ജീവിക്കില്ലെന്നും അവയവം ദാനം ചെയ്താല്‍ മറ്റൊരാളിലൂടെ ജിവിക്കുമെന്നും അറിയിച്ച് ബന്ധുക്കളെ സമ്മര്‍ദത്തിലാക്കും. സമ്മർദം കൂടുന്നതോടെ തങ്ങളുടെ പ്രിയപ്പെട്ടയാള്‍ മറ്റുള്ളവരിലൂടെ ജീവിക്കുമെന്ന ആശ്വാസത്തില്‍ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതമറിയിക്കും. സമ്മതം വാങ്ങിയെടുത്താല്‍ പിന്നെ ഉപയോഗപ്രദമായ അവയവങ്ങള്‍ മാറ്റി അനുയോജ്യരായ സ്വീകര്‍ത്താക്കളെ കണ്ടെത്തി അവ വില്‍ക്കും.
കൊച്ചി ലേക്ഷോർ ആശുപത്രിയിലെ വിവാദമായ അവയവക്കച്ചവടത്തിന് ആസ്പദമായ സംഭവം 2009 നവംബര്‍ 29 രാത്രി 8.30നാണ് നടക്കുന്നത്. വി.ജെ. അബിന്‍ എന്ന ചെറുപ്പക്കാരന്റെ ബൈക്ക് പോസ്റ്റിലിടിച്ച് കോതമംഗലത്തിന് സമീപം അപകടം ഉണ്ടാകുന്നു. അര മണിക്കൂറിനുള്ളില്‍ അബിനെ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയില്‍ എത്തിക്കുന്നു. പരുക്ക് ഗുരുതരമായതിനാല്‍ പിറ്റേ ദിവസം പുലർച്ചെ നാലരയോടെ ലേക് ഷോര്‍ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു. പിറ്റേന്ന് രാത്രി ഏഴു മണിയോടെ അബിന്‍ ബ്രയിന്‍ ഡെത്ത് (മസ്തിഷ്ക മരണം) ഉണ്ടായതായി പ്രഖ്യാപിച്ച് വൃക്കകളും കരളും ശരീരത്തില്‍ നിന്ന് നീക്കം ചെയ്ത് മലേഷ്യന്‍ പൗരന് നല്കുന്നു. ശരിയായ ചികിത്സ നൽകി തലയോട്ടിയില്‍ കെട്ടിക്കിടന്ന രക്തം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചെറുപ്പക്കാരന് സുഖം പ്രാപിക്കുമായിരുന്നു എന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്റ്റർ ഗണപതി വ്യക്തമാക്കുന്നത്.
മാർ ബേസേലിയസ് ഹോസ്പിറ്റലിലെ ഡോക്റ്റർ കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അവിടെ വച്ച് തന്നെ യുവാവ് രക്ഷപെടുമായിരുന്നു. എന്നാൽ അത് ചെയ്യാതെ അബിനെ കൊച്ചിയിലേക്ക് മാറ്റി. കൊച്ചിയിലെത്തിയപ്പോള്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീമാണ് അബിനെ പരിശോധിക്കുന്നത്. അവര്‍ മലേഷ്യ രോഗിക്ക് വേണ്ടി അബിന്റെ ലിവര്‍ ചേരുമോ എന്ന് നോക്കാനുള്ള ടെസ്റ്റുകള്‍ ചെയ്തു. തലയിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല.
വലിയ സെന്ററുകളിലേക്ക് രോഗികളെ റഫര്‍ ചെയ്ത് അയയ്ക്കുന്ന മറ്റു ഹോസ്പിറ്റലുകളിലെ ഡോക്റ്റര്‍മാര്‍ക്ക് അവയവത്തിന്റെ പ്രാധാന്യവും സ്വീകരിക്കുന്ന ആളിന്റെ പണവും അനുസരിച്ച് അവരുടെ വീതം കിട്ടുമെന്നാണു വിവരം.