ഇനിയുള്ളത് 40 മണിക്കൂർ മാത്രം പിടിച്ചുനിൽക്കാനുള്ള ഓക്‌സിജൻ; മുങ്ങിക്കപ്പലിനായി തെരച്ചിൽ ഊർജിതം

titanic

തകർന്നടിഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ കാണാതായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതം. അഞ്ച് പേരടങ്ങുന്ന മുങ്ങിക്കപ്പലിൽ ഇനി അവശേഷിക്കുന്നത് 40 മണിക്കൂർ മാത്രം പിടിച്ച് നിൽക്കാനുള്ള ഓക്സിജനാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ ടൈറ്റൻ എന്ന മുങ്ങിക്കപ്പൽ കാണാതാകുന്നത്. 21 അടി നീളമുള്ള ടൈറ്റൻ എന്ന മുങ്ങിക്കപ്പലിൽ രണ്ട് ജീവനക്കാരും മൂന്ന് കോടീശ്വരന്മാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ എന്നിവരായിരുന്നു അത്.

ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ). ഒരു സബ്മെർസിബിളിൽ അഞ്ച് പേർക്ക് ഇരിക്കാൻ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്പേർട്ടുകൾക്ക് ഒപ്പം മൂന്നു സഞ്ചാരികൾ ഒരു മുങ്ങികപ്പയിൽ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കും.

7,600 ചതുരശ്ര മൈൽ ( 20,000 ചതുരശ്ര കിലോമീറ്റർ) പരന്ന് കിടക്കുന്ന രണ്ട് മൈലിലേറെ ആഴമുള്ള വടക്കൻ അറ്റലാന്റിക് സമുദ്രത്തിൽ തെരച്ചിൽ നടത്തുക അത്ര എളുപ്പമല്ല. ടൈറ്റാനിക്കിനെ തേടിയിറങ്ങിയ മുങ്ങിക്കപ്പലിന് പര്യടനം ആരംഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു.

Share this story