ബാലഭാസ്‌കറിന്റെ മരണം; സോബിയുടെ വെളിപെടുത്തൽ: മൊഴി മാറ്റി പറയാന്‍ ഇസ്രായേലിലുള്ള യുവതി വഴി മൂന്നു തവണ ആളുകള്‍ തന്നെ സമീപിച്ചിരുന്നു

ബാലഭാസ്‌കറിന്റെ മരണം; സോബിയുടെ വെളിപെടുത്തൽ: മൊഴി മാറ്റി പറയാന്‍ ഇസ്രായേലിലുള്ള യുവതി വഴി മൂന്നു തവണ ആളുകള്‍ തന്നെ സമീപിച്ചിരുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ മരണത്തില്‍ മൊഴി മാറ്റി പറയാന്‍ മൂന്നു തവണ തന്റെയടുത്ത് മധ്യസ്ഥ ശ്രമവുമായി ആളുകളെത്തിയെന്നാണ് സോബി വെളിപ്പെടുത്തിയത്.

ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി വഴി മൂന്നു തവണയായി നാലു പേരടങ്ങുന്ന സംഘം തന്നെ കാണാനെത്തിയെന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളായി സി.ബി.ഐ നടത്തിയ നുണ പരിശോധനയിലാണ് സോബി വ്യക്തമാക്കിയത്.

2019 നവംബര്‍ മാസത്തിലും ഡിസംബര്‍ അവസാനവും ജനുവരി 18നുമാണ് ഇവര്‍ തന്നെ സമീപിച്ചത്. ഇവരില്‍ ഒരാള്‍ മാത്രമാണ് മൂന്നു പ്രാവശ്യവും സംഘത്തിലുണ്ടായിരുന്നത്. ഇസ്രായേലില്‍ ജോലി ചെയ്യുന്ന യുവതി പറഞ്ഞതനുസരിച്ചാണ് വരുന്നത് എന്നും ഇവര്‍ പറഞ്ഞിരുന്നു.

വന്നവര്‍ പണം വാഗ്ദാനം ചെയ്തതായും സോബി പറയുന്നു. ഇവര്‍ വാഹനത്തില്‍ വന്നിറങ്ങുമ്പോള്‍ മുതലുള്ള വിഡിയോ ദൃശ്യങ്ങളും പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാല്‍ ഇവ ഹാജരാക്കാമെന്നും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

അവസാനം വന്നത് ഒരു ജാഗ്വാര്‍ കാറിലായിരുന്നുവെന്നും അതിനു മുമ്പ് ഒരു തവണ ബി.എം.ഡബ്ല്യു കാറിലും ഒരു തവണ ഫോര്‍ച്യൂണറിലുമാണ് വന്നതെന്നും സോബി വ്യക്തമാക്കി.

അതേസമയം, ഇസ്രേയലിലുള്ള യുവതിയുടെ പേരു വിവരങ്ങള്‍ പുറത്ത് ആരോടും വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘത്തിന് ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെ നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണ സംഘം അവരെ വിളിച്ചു ചോദിക്കട്ടെ, താന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ലെന്നും സോബി പറയുന്നു.

Share this story