കെഎം മാണിയുടെ രണ്ട് ജനപ്രിയ പദ്ധതികളെ പിണറായി സർക്കാർ കൊല്ലാക്കൊല ചെയ്യുന്നു: സുധാകരൻ

sudhakaran

കെ.എം മാണിയുടെ രണ്ട് ജനപ്രിയ പദ്ധതികളെ പിണറായി സർക്കാർ കൊല്ലാക്കൊല ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. യുഡിഎഫിൽ നിന്ന് മാണി വിഭാഗത്തെ കൂട്ടിക്കൊണ്ടുപോയത് ഇങ്ങനെയൊരു കൊലച്ചതിക്കായിരുന്നോയെന്ന് സുധാകരൻ ചോദിച്ചു.


കാരുണ്യ പദ്ധതിയും റബർവില സുസ്ഥിരതാ പദ്ധതിയുമാണ് ഇപ്പോൾ തകർന്നടിഞ്ഞത്. കാരുണ്യ പദ്ധതിക്ക് 500 കോടിയിലധികം രൂപ കുടിശികയായതിനെ തുടർന്ന് പദ്ധതി തന്നെ ഇല്ലാതായെന്നു പറയാം. റബർവില സ്ഥിരതാ ഫണ്ടിലേക്ക് 2022- 23 വർഷം 500 കോടി രൂപ വകയിരുത്തിയിട്ട് ഈ സാമ്പത്തിക വർഷം ചെലവാക്കിയത് വെറും 33.195 കോടി രൂപയാണ്. ലക്ഷക്കണക്കിനു കർഷകർ വിലസ്ഥിരതാ ഫണ്ടിലേക്ക് അപേക്ഷിച്ച് പണം കിട്ടാതെ വലയുന്നു. 

യുഡിഎഫ് സർക്കാർ തുടങ്ങിയ കാരുണ്യ പദ്ധതിയുടെ ധനസമാഹാരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും ലോട്ടറി വകുപ്പിനെ ഇതിന്റെ നടത്തിപ്പ് ഏൽപിക്കുകയും ചെയ്തിരുന്നു. വെറും രണ്ടു വർഷംകൊണ്ട് 1.42 ലക്ഷം പേർക്ക് 1200 കോടി രൂപയുടെ ചികിത്സാ സഹായം നൽകി കാരുണ്യ പദ്ധതി ജനങ്ങളുടെ ഹൃദയം കവർന്നു. സാന്റിയാഗോ മാർട്ടിൻ സംസ്ഥാനത്തു നിന്ന് പ്രതിവർഷം കൊള്ളയടിച്ചിരുന്ന 3655 കോടി രൂപ കാരുണ്യ ലോട്ടറിയിലേക്ക് ഒഴുകിയെത്തിയപ്പോൾ കാരുണ്യ പദ്ധതി ദേശീയതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടു.

ഇടതുസർക്കാർ അധികാരമേറ്റ അന്നു മുതൽ മുടന്താൻ തുടങ്ങിയ പദ്ധതി ലോട്ടറി വകുപ്പിൽ നിന്ന് ആരോഗ്യവകുപ്പിലേക്ക് എടുത്തുമാറ്റി മറ്റു ചില പദ്ധതികളുമായി കൂട്ടിക്കെട്ടി ദയാവധം നടപ്പാക്കുകയാണു ചെയ്തത്. റബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധയിലേക്ക് 800 കോടി രൂപയാണ് യുഡിഎഫ് സർക്കാർ വകയിരുത്തിയത്. ഈ പദ്ധതിയേയും പ്രതികാര ബുദ്ധിയോടെ ഇല്ലാതാക്കിയതോടെ റബർ കർഷകരും കൊടിയ വഞ്ചനയ്ക്ക് ഇരയായെന്നു സുധാകരൻ പറഞ്ഞു.

Share this story