ആദ്യം തിരുത്തേണ്ടത് പിണറായിയാണ്; യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാൻ ധൈര്യമില്ലെന്ന് സുരേന്ദ്രൻ

K surendran

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണെന്ന് സമ്മതിക്കുന്ന സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചെലവിന് കൊടുക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

കേരളത്തിൽ പിണറായി സർക്കാർ നടത്തുന്ന അഴിമതിയുടെ പങ്കുപറ്റിയാണ് ദേശീയതലത്തിൽ സിപിഎം പ്രവർത്തിക്കുന്നത്. കരുവന്നൂരിലെ പാവങ്ങളുടെ പണം രഹസ്യ അക്കൗണ്ടുകൾ വഴി സിപിഎം കൈക്കലാക്കിയത് നമ്മൾ കണ്ടുകഴിഞ്ഞു. ഇങ്ങനെ അഴിമതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിക്ക് നിലപാട് തിരുത്തുമെന്ന് പറയാൻ എന്ത് യോഗ്യതയുണ്ടെന്നും സുരേന്ദ്രൻ ചോദിച്ചു

സിപിഎമ്മിലും സർക്കാരിനും ഏറ്റവുമാദ്യം തിരുത്തേണ്ട വ്യക്തി പിണറായി വിജയനാണ്. എന്നാൽ അദ്ദേഹം അതിന് തയ്യാറല്ലെന്നാണ് തുടർച്ചയായി പ്രഖ്യാപിക്കുന്നത്. വൻ തോൽവിയുടെ പശ്ചാത്തലത്തിൽ കൂടുതൽ മുസ്ലിം പ്രീണനം നടത്താനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. ഭൂരിപക്ഷ ജനവിഭാഗങ്ങളോട് പക വീട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
 

Share this story