എല്ലാ വീടുകളിലേക്കും പൈപ്പ് വഴി ഗ്യാസെത്തും; കൊച്ചിയില്‍ നിന്ന് തമിഴ്നാട് വഴി ബംഗളൂരുവിലേക്കും, ദ്രവീകൃത പ്രകൃതി വാതക ഹബ്ബാകാന്‍ കേരളം: പെട്രോനെറ്റ് 600 കോടി നിക്ഷേപിക്കും

Gyas

കേരളത്തില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ദ്രവീകൃത പ്രകൃതി വാതക സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജി. ഈ സാമ്പത്തിക വര്‍ഷം 600 കോടി രൂപ കൊച്ചിയില്‍ നിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്. കൊച്ചിയില്‍ പുതിയ സ്റ്റോറേജ് ടാങ്ക് കൂടി സ്ഥാപിക്കുന്നതിനാണ് കമ്പനി മുതല്‍ മുടക്കുക. കൊച്ചിയില്‍ നിന്ന് തമിഴ്നാട് വഴി ബംഗളൂരുവിലേക്കുള്ള പൈപ്പ്ലൈന്‍ പദ്ധതി 2024 നവംബറില്‍ കമ്മിഷന്‍ ചെയ്യാനാണ് ഉദേശിക്കുന്നത്. ഇതിനായാണ് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.

കമ്മിഷന്‍ ചെയ്യപ്പെട്ട കൊച്ചി-മംഗലാപുരം ഗെയ്ല്‍ പൈപ്പ്ലൈനും ഇതുപയോഗിച്ചുള്ള കേരളത്തിലെ സിറ്റി ഗ്യാസ് വിതരണവും വാഹനങ്ങള്‍ക്കുള്ള സി.എന്‍.ജി വിതരണവും വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡും ഉയര്‍ന്നതാണ് കോടികള്‍ നിക്ഷേപിക്കാന്‍ പെട്രോനെറ്റിനെ പ്രേരിപ്പിച്ചത്.

നിലവില്‍ എറണാകുളം പുതുവൈപ്പില്‍ കൊച്ചി തുറമുഖത്തെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് കമ്പനിയുടെ കൊച്ചി ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ മൊത്തം അഞ്ച് മില്യണ്‍ മെട്രിക് ടണ്‍ വാര്‍ഷിക ശേഷിയുള്ള രണ്ട് ടാങ്കുകളാണുള്ളത്. ഇവിടെ നിന്ന് കര്‍ണാടകയിലെ മംഗലാപുരത്തേക്ക് ഗെയ്ലിന്റെ വാതക പൈപ്പ്ലൈന്‍ കമ്മിഷന്‍ ചെയ്തിരുന്നു. ഈ പദ്ധതി ഇഴഞ്ഞ് നീങ്ങിയത് പെട്രോനെറ്റിനെ സാരമായി ബാധിച്ചിരുന്നു.

നിലവില്‍ കേരളത്തിലെ സിറ്റി ഗ്യാസ്, വാഹനങ്ങള്‍ക്കുള്ള സി.എന്‍.ജി വിതരണം എന്നിവയ്ക്ക് പുറമേ ഫാക്ട്, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി, മംഗലാപുരത്തെ ഏതാനും വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയാണ് പെട്രോനെറ്റില്‍ നിന്ന് എല്‍.എന്‍.ജി പ്രയോജനപ്പെടുത്തുന്നത്.

Share this story