കാസർകോട് ഉപ്പളയിൽ പോലീസിന് നേരെ ആക്രമണം; എസ് ഐയുടെ കൈയ്ക്ക് പരുക്ക്
Sep 3, 2023, 10:19 IST

കാസർകോട് ഉപ്പളയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർക്ക് നേരെ ആക്രമണം. ഹിദായത്ത് നഗറിലാണ് സംഭവം. മഞ്ചേശ്വരം എസ് ഐ പി അനൂപിനെയാണ് അഞ്ചംഗ സംഘം മർദിച്ചത്. എസ് ഐയുടെ വലത് കൈയ്ക്ക് പൊട്ടലുണ്ട്. മർദിച്ച രണ്ട് പേരെ എസ് ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന മൂന്ന് പേരെ കൂടി പ്രതി ചേർത്ത് കേസെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടാണ് പോലീസ് വണ്ടി നിർത്തിയത്. പിരിഞ്ഞു പോകാനുള്ള പോലീസ് നിർദേശം സംഘം നിരസിക്കുകയും വാക്കു തർക്കത്തെ തുടർന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് വിവരം.