എന്‍എസ്എസ് നാമജപക്കേസ് അവസാനിപ്പിച്ച് പൊലീസ്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എന്‍എസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ നിയമോപദേശത്തിന് പിന്നാലെ കേസ് എഴുതി തള്ളാന്‍ കന്റോണ്‍മെന്റ് പൊലീസ് തീരുമാനിച്ചിരുന്നു.
ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതി നല്‍കിയിട്ടില്ല, നാമജപഘോഷയാത്ര നടത്തിയവര്‍ പൊതു മുതല്‍ നശിപ്പിച്ചിട്ടില്ല, സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല തുടങ്ങിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് കന്റോമെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. മനുവിനോട് നിയമോപദേശം തേടിയത്.