ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയ ഫർസീൻ മജീദിന്റെ വീടിന് പോലീസ് കാവൽ

ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. നൈറ്റ് പട്രോളിംഗ് അടക്കം ഇവിടെ ഏർപ്പെടുത്തും. 

അതേസമയം ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആകാശിനൊപ്പം സഞ്ചരിച്ചിരുന്ന വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജലാണ് ഇന്നലെ രാത്രി വാഹനം പനമരം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. 

ആകാശ് തില്ലങ്കേരി വയനാട്ടിൽ എന്തിന് എത്തിയെന്ന് അന്വേഷിക്കാൻ ഷൈജലിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. രൂപമാറ്റം വരുത്തി രജിസ്‌ട്രേഷൻ നമ്പർ ഇല്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരിയും കൂട്ടാളികളും നടത്തിയ യാത്രക്കെതിരെ 9 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് എടുത്തിരുന്നത്.
 

Share this story