ജാതി മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വെല്ലുവിളി ഉയർത്തുന്നു: മുഖ്യമന്ത്രി

CM Pinarayi Vijayan

ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയുയർത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്. ശ്രീനാരായണഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം മുറിച്ചു കടന്നേ കഴിയൂ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. 

കുറിപ്പിന്റെ പൂർണരൂപം


ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നവയാണ്. മനുഷ്യർ തമ്മിലുള്ള ചേരിതിരിവുകൾ രൂക്ഷമായിരുന്ന, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മേൽക്കൈയുണ്ടായിരുന്ന കാലഘട്ടത്തിൽ കേരളീയ ജീവിത പരിസരങ്ങളെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഗുരു ദർശനങ്ങളാണ്. 

ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവൽക്കരിക്കാനും ഗുരുദേവ ദർശനങ്ങൾ ജനങ്ങളോടാഹ്വാനം ചെയ്തു. ചൂഷണവ്യവസ്ഥയെ തുറന്നെതിർക്കാനും സവർണ്ണ മേൽക്കോയ്മാ യുക്തികളെ ചോദ്യം ചെയ്യാനും ഗുരു ഊർജ്ജം പകർന്നുനൽകി. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ഉദ്‌ഘോഷിച്ചത്. ശാസ്ത്രബോധവും മാനവികതാ ബോധവും ഒരുപോലെ ഗുരുവിന്റെ കാഴ്ചപ്പാടുകളിൽ തെളിഞ്ഞുനിന്നിരുന്നു. സാമൂഹ്യ പുരോഗതിയിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഇത്രയേറെ തിരിച്ചറിഞ്ഞ മറ്റൊരു നവോത്ഥാന നായകനുണ്ടാവില്ല കേരള ചരിത്രത്തിൽ.

ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരുടെ ഇടപെടലുകളും പ്രവർത്തനങ്ങളും കാരണമാണ് കേരളം ഇന്നത്തെ കേരളമായത്. ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയുയർത്തുകയാണ്. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം നമുക്ക് മുറിച്ചു കടന്നേ കഴിയൂ. ഈ വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും നമുക്ക് ഊർജ്ജമാവട്ടെ. എല്ലാവർക്കും ചതയദിന ആശംസകൾ.

Share this story