വയനാട് ജീപ്പ് അപകടത്തിൽ മരിച്ച 9 പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും; 12 മണിയോടെ പൊതുദർശനം

jeep

വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇതിന്റെ നടപടികൾ ആരംഭിച്ചു. 11 മണിയോടെ മൃതദേഹങ്ങൾ മക്കിമല സർക്കാർ എൽപി സ്‌കൂളിലേക്ക് എത്തിക്കും. 12 മണിയോടെ പൊതുദർശനം ആരംഭിക്കും. രണ്ട് മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരായ എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്

അപകടത്തെക്കുറിച്ചുള്ള പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും. മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കുമുള്ള ധനസഹായം പ്രഖ്യാപിക്കുന്നതിലും വൈകാതെ തീരുമാനമുണ്ടാകും. മാനന്തവാടി താലൂക്കിൽ ഇന്ന് നിശ്ചയിച്ചിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. 

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. 9 സ്ത്രീകളാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
 

Share this story