പ്രജാപതിയും ബാല മനസും; നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം

Kerala

നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം. പ്രജാപതിയും ബാല മനസും എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. പാവങ്ങളോട് തരിമ്പു പോലും സഹാനുഭൂതി കാണിക്കാതെ ഇമ്മാതിരി അശ്ശീലം കാണിക്കുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കേണ്ടി വരുന്നത് കെട്ട കാലത്തെ രാഷ്ട്രീയത്തിൻ്റെ പരിഛേദംമാണ്. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക യാത്രയെ വിമർശിച്ചവർ ഇപ്പോൾ കക്കൂസ് അടങ്ങുന്ന ലക്ഷ്വറി വാഹനത്തിൽ കറങ്ങാൻ ഇറങ്ങുമ്പോൾ രാജാവ് നഗ്നനാണെന്ന് പറയൻ കെൽപുള്ള കുട്ടികൾ ഇല്ല എന്നതാണ് കേരളത്തിൻ്റെ പ്രശ്നമെന്നും മുഖപ്രസംഗം വിമർശിക്കുന്നു.

പാവപ്പെട്ടവർ പിച്ച ചട്ടിയുമായി നിൽക്കുമ്പോൾ സ്കൂൾ കുട്ടികൾ വിനോദയാത്ര നടത്തുന്നത് പോലെ കളിച്ചും ചിരിച്ചും ലൈവിട്ടും നടക്കുന്നത് ജനത്തിന് മുന്നിൽ നിൽക്കാൻ വേറെ മാർഗമില്ലാത്തതിനാലാണ്.
ബസ് കാണാൻ ധാരാളം ആളുകൾ വരുമെന്ന് പറഞ്ഞ എ കെ ബാലൻ്റെ മനസ് പേരുപോലെ ബാല മനസാണ്.

ദേവഗൗഡയുടെ പാർട്ടി പ്രതിനിധിയും യാത്രയുടെ ഭാഗമായതിനാൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ വിളിക്കാമായിരുന്നുവെന്നും എൻ.ഡി.എ – എൽ.ഡി എഫ് സംയുക്ത യാത്ര ചരിത്ര സംഭവമാക്കാമായിരുന്നുവെന്നും ലീഗ് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

അതേസമയം നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് 10.30 മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍ഗോഡ് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.

ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് ‘നവകേരള സദസ്’. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം

Share this story