നവംബർ 21 മുതൽ പ്രഖ്യാപിച്ച സ്വകാര്യ ബസ് അനിശ്ചിതകാല സമരം പിൻവലിച്ചു
Nov 14, 2023, 17:00 IST

പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ 21 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് പിൻവലിച്ചു. ചർച്ചയിൽ പ്രതീക്ഷയുള്ളതിനാലാണ് സമരം പിൻവലിച്ചത്. അതേസമയം വിദ്യാർഥി കൺസെഷൻ അടക്കമുള്ള വിഷയം ഉയർത്തി പ്രതിഷേധം തുടരും. ഉന്നയിച്ച കാതലായ വിഷയങ്ങളിൽ തീരുമാനം ആയിട്ടില്ലെന്നാണ് അസോസിയേഷൻ അറിയിച്ചത്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 31ന് അർധരാത്രി വരെ സ്വകാര്യ ബസ് പണിമുടക്ക് നടത്തിയിരുന്നു. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കുക, 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്താനുള്ള സ്വകാര്യ സ്‌റ്റേജ് പെർമിറ്റ് പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകൾ അന്ന് പറഞ്ഞിരുന്നു.