ബജറ്റ് നികുതി നിർദേശങ്ങളിൽ ഇളവിന് സാധ്യത; ഇന്ധന സെസ് ഒഴിവാക്കിയേക്കും

balagopal

ബജറ്റ് നികുതി നിർദേശങ്ങളിൽ ഇളവിന് സാധ്യത. ഇന്ധനവിലയിൽ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതിനെതിരെ സിപിഎമ്മിലും എൽഡിഎഫിലും എതിർപ്പ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവ് നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇന്ന് എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു

സംസ്ഥാന ബജറ്റിലുണ്ടായത് നിർദേശങ്ങൾ മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇതിന് ശേഷം പ്രതികരിച്ചു. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇന്ധനവിലക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു

ബജറ്റിനെതിരായി വിമർശനങ്ങളും ചർച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ നിലപാട് സ്വീകരിക്കും. സർക്കാരിനെ തകർക്കാൻ ബോധപൂർവം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന കടന്നാക്രമണമാണിത്. 

സെസിന്റെ കാര്യമാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. ഇന്ധനവില നിരന്തരം കൂട്ടിയ കേന്ദ്രസർക്കാർ നടപടിയെ മറച്ചുപിടിക്കുകയാണ്. കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നതിൽ നാൽപതിനായിരം രൂപയുടെ കുറവുണ്ടായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Share this story