തിരുവനന്തപുരത്ത് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി

തിരുവനന്തപുരത്ത് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആർ .പി .സി 144 പ്രകാരം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 15 അർധരാത്രി വരെ നീട്ടി. ഒക്ടോബർ രണ്ടിന് അർധരാത്രി മുതൽ 31ന് അർധരാതി വരെയാണ് തുടക്കത്തിൽ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വലിയ രീതിയിൽ രോഗവ്യാപനം നടക്കുന്ന സാഹചര്യം ജില്ലയിൽ ഒഴിവായിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു.

ജില്ലയിൽ ഇതുവരെ ആകെ 57,939 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8,547 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകൾ ശക്തമായി തുടർന്നാൽ രോഗികളുടെ എണ്ണം ഇനിയും കുറയ്ക്കാനാകും. ഇതു മുൻനിർത്തിയാണ് സി.ആർ.പി.സി. 144 പ്രകാരം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ 15 ദിവസത്തേക്കു കൂടി ദീർഘിപ്പിക്കുന്നത്.

ഉത്തരവു പ്രകാരം അഞ്ചു പേരിൽ കൂടുതൽ സ്വമേധയാ കൂട്ടം കൂടുന്നത് നിരോധിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ വിവാഹം, ശവസംസ്കാര ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകളും അനുവദിക്കും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്‌ക്കൊഴികെ ആളുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും.

Share this story