പി എസ് സി കോഴ ആരോപണം: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയേക്കും

pramod

പി എസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും. സംഘടനാ നടപടി പൂർത്തിയാക്കി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ ധാരണയായെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയൊരുങ്ങുന്നത്.

സംഭവത്തിൽ പ്രമോദ് കോട്ടൂളിയുടെ വിശദീകരണം കേൾക്കുകയും അതിന് പിന്നാലെ തന്നെ നടപടിയെടുക്കുകയും ചെയ്യുമെന്നാണ് വിവരം. പി എസ് സി വഴിയുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ നിയമത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ പ്രമോദിനെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു.

പാർട്ടിക്ക് ഇക്കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വരാനുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരണം തേടിയ സാഹചര്യത്തിൽ പ്രമോദ് ഇന്നോ നാളെയോ മറുപടി നൽകിയേക്കും.
 

Share this story