കണ്ണൂരിൽ ബസിലെ പരസ്യ സ്വയംഭോഗം; പോലീസ് അന്വേഷണം ആരംഭിച്ചു, പരാതി നൽകുമെന്ന് യുവതി

cherupuzha

കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിൽ വെച്ച് സ്വയംഭോഗം നടത്തിയ മധ്യവയസ്‌കനെ തേടി പോലീസ്. ചെറുപുഴ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്കായി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സമയത്താണ് സംഭവം. ഈ സമയത്ത് ഒരു യുവതി മാത്രമാണ് ബസിലുണ്ടായിരുന്നത്. ബസ് ജീവനക്കാർ ചായ കുടിക്കാനുമായി പുറത്തിറങ്ങിയതായിരുന്നു

യുവതി ഇരുന്ന സീറ്റിന് എതിർ ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയും പരസ്യമായി സ്വയം ഭോഗം നടത്തുകയുമായിരുന്നു. യുവതി ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ബസിൽ താൻ ഒറ്റയ്ക്കാണ് ഈ സമയം ഉണ്ടായിരുന്നതെന്നും ആകെ ഭയന്നുപോയതായും യുവതി പറഞ്ഞു. ബസിലേക്ക് മറ്റ് ആളുകൾ കയറാൻ തുടങ്ങിയപ്പോഴേക്കും ഇയാൾ ഇറങ്ങിപ്പോകുകയായിരുന്നു. 

മാസ്‌ക് ധരിച്ചെത്തിയ ആളാണ് സ്വയംഭോഗം നടത്തിയത്. ഇയാൾ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ വിവരമില്ല. സംഭവത്തിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചു. പരാതി ലഭിച്ചില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this story