പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെപിസിസി ജനറൽ സെക്രട്ടറി കെകെ അബ്രഹാം കസ്റ്റഡിയിൽ

pulpally

പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിൽ. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അബ്രഹാമിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവശിപ്പിച്ചു. തട്ടിപ്പ് നടക്കുന്ന സമയത്ത് ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്നു കെ കെ അബ്രഹാം. ഇന്നലെ അർധരാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

മുൻ ബാങ്ക് സെക്രട്ടറി രമ ദേവിയും പോലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരന്റെ ആത്മഹത്യക്ക് പിന്നാലെയാണ് നടപടികളിലേക്ക് പോലീസ് കടന്നത്. രാജേന്ദ്രൻ നാരയുടെ പേരിൽ 25 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയത് തന്റെ വ്യാജ ഒപ്പിട്ടാണെന്ന് മുൻ വൈസ് പ്രസിഡന്റ് ടിഎസ് കുര്യൻ വെളിപ്പെടുത്തി. 

രാജേന്ദ്രൻ നായരുടെ അപേക്ഷ താൻ കണ്ടിട്ടില്ല. സ്ഥലപരിശോധനയുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ടു. വായ്പാ വിതരണത്തിലെ ക്രമക്കേട് സഹകരണ വകുപ്പിനെ അറിയിച്ചിരുന്നു. തട്ടിപ്പിൽ ഭരണസമിതി പ്രസിഡന്റായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിനോ ജീവനക്കാർക്കോ പങ്കുണ്ടെങ്കിൽ കണ്ടെത്തണമെന്നും ടി എസ് കുര്യൻ ആവശ്യപ്പെട്ടു. 

ആറ് വർഷം മുമ്പാണ് രാജേന്ദ്രൻ നായർ ബാങ്കിൽ നിന്ന് 73,000 രൂപ വായ്പയെടുക്കുന്നത്. 2019ൽ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു. 25 ലക്ഷം രൂപ വായ്പയുണ്ടെന്നാണ് നോട്ടീസിലുണ്ടായിരുന്നത്. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. തന്റെ വ്യാജ ഒപ്പിട്ട് അന്നത്തെ കോൺഗ്രസ് ഭരണസമിതി ലക്ഷങ്ങൾ തട്ടിയെന്ന് കാണിച്ച് പരാതി നൽകി. കേസ് ഹൈക്കോടതിയിലടക്കം നീണ്ടതിനാൽ ബാങ്കിൽ പണയം വെച്ച ഭൂമി വിൽക്കാൻ രാജേന്ദ്രന് സാധിച്ചില്ല. ഇതിന്റെ മനോവിഷമത്തിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
 

Share this story