എംപി സ്ഥാനം തിരികെ കിട്ടിയതിന് ശേഷം ആദ്യമായി രാഹുൽ നാളെ വയനാട്ടിലെത്തും

rahul

എംപി സ്ഥാനം തിരികെ കിട്ടിയതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് രാഹുലിന്റെ ആദ്യ പരിപാടി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതുപ്പള്ളിയിലേക്ക് രാഹുൽ അപ്രതീക്ഷിത സന്ദർശനം നടത്താനും സാധ്യതയുണ്ട്

അപകീർത്തിക്കേസിൽ അയോഗ്യനാക്കപ്പെട്ടതോടെ ഏറെക്കാലമായി വയനാട് മണ്ഡലത്തിൽ എംപി ഇല്ലാത്ത അവസ്ഥയായിരുന്നു. കേസിൽ പരമാവധി ശിക്ഷ നൽകിയത് സുപ്രീം കോടതി സ്‌റ്റേ ചെയ്തതോടെയാണ് രാഹുലിന് എംപി സ്ഥാനം തിരികെ ലഭിച്ചത്. കൽപ്പറ്റയിൽ നടക്കുന്ന പൊതുസമ്മേളനത്തെ രാഹുൽ അഭിസംബോധന ചെയ്യും. 

എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഒമ്പത് വീടുകളുടെ താക്കോൽദാന ചടങ്ങും നാളെ നടക്കും. മറ്റന്നാൾ മാനന്തവാടിയിലും രാഹുലിന് പരിപാടിയുണ്ട്. ഇതിന് ശേഷം കോടഞ്ചേരിയിലേക്ക് പോകും. രാഹുലിനെ സ്വീകരിക്കാൻ വലിയ ഒരുക്കമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്.
 

Share this story