ദീപാവലി നാളുകളിലെ തിരക്ക് ഒഴിവാക്കാം: രണ്ട് സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി റെയിൽവേ

രാജ്യമെമ്പാടും ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് ദീപാവലി. അതുകൊണ്ടുതന്നെ ദീപാവലി നാളുകളിൽ ട്രെയിനുകളിലടക്കം വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഈ സാഹചര്യത്തിൽ ദീപാവലി പ്രമാണിച്ച് അധിക ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. നവംബർ 11, 12 തീയതികളിലായി രണ്ട് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നതാണ്. ശനിയാഴ്ച നാഗർകോവിൽ നിന്ന് മംഗളൂരുവിലേക്കും, ഞായറാഴ്ച മംഗളൂരുവിൽ നിന്ന് ചെന്നൈ താംബരം വരെയുമാണ് സ്പെഷ്യൽ സർവീസുകൾ ഉള്ളത്.
നവംബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് നാഗർകോവിൽ നിന്നും പുറപ്പെടുന്ന 06062 നമ്പർ ട്രെയിൻ നവംബർ 12-ന് രാവിലെ 5:15-ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നവംബർ 12-ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 06063 നമ്പർ ട്രെയിൻ ഉച്ചയ്ക്ക് 1:37-ന് കോഴിക്കോട് എത്തുകയും, നവംബർ 13-ന് രാവിലെ 5:10-ന് താംബരത്ത് എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. നിലവിൽ, രണ്ട് ട്രെയിനുകളുടെയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്