ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം; പ്രതികൾ കേരളത്തിലും സ്‌ഫോടനത്തിന് ലക്ഷ്യമിട്ടു

ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികൾ കേരളത്തിലും സ്‌ഫോടനം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രതികളുടെ ആശയവിനിമയം. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് അടക്കം നാല് പേരെ എൻഐഎ ചോദ്യം ചെയ്യുകയാണ്. രണ്ട് പേർ ഒളിവിലാണ്
ഐഎസിൽ ചേരാനായി പണം കണ്ടെത്താൻ ബാങ്കുകളടക്കം കൊള്ളയടിക്കാൻ പ്രതികൾ ആസൂത്രണം നടത്തിയിരുന്നു. ആഷിഫ് അടക്കം മൂന്ന് പേരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. ഏപ്രിൽ 20ന് പാലക്കാട് നിന്ന് പ്രതികൾ 30 ലക്ഷം കുഴൽപ്പണം തട്ടി. സത്യമംഗലം കാട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ആഷിഫ് അറസ്റ്റിലായത്. ഒളിവിൽ കഴിയാൻ സഹായം ചെയ്ത ഫറൂഖും കസ്റ്റഡിയിലായിട്ടുണ്ട്.
കേരളത്തിൽ നിന്നും അഫ്ഗാനിലെത്തിയ ഒരാളാണ് പ്രേരണ ചെലുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സിറിയയിലേക്കും അഫ്ഗാനിലേക്കും പോകാനായിരുന്നു പദ്ധതി.