വ്യാജരേഖ ചമച്ച് ജോലിക്ക് കയറാൻ ശ്രമിച്ചത് സർക്കാർ ജോലി കിട്ടാത്തതിലെ മാനസിക സംഘർഷം മൂലമെന്ന് രാഖി

rakhi

കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ വ്യാജരേഖയുമായി ജോലിക്ക് കയറാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. എഴുകോൺ ബദാം ജംഗ്ഷൻ രാഖി നിവാസിൽ ആർ രാഖിയാണ്(25) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ഭർത്താവിന്റെ കുടുംബത്തോടൊപ്പമാണ് രാഖി എത്തിയത്. റവന്യു വകുപ്പിൽ ജോലി ലഭിച്ചതായുള്ള പി എസ് സി അഡൈ്വസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓപീസിൽ എൽ ഡി ക്ലർക്കായി ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്‌മെന്റ് ലെറ്റർ എന്നിവ സഹിതമാണ് ഇവർ എത്തിയത്

രേഖകൾ പരിശോധിച്ച താലൂക്ക് ഓഫീസ് അധികൃതർക്ക് സംശയം തോന്നുകയും ഇവരെ പറഞ്ഞയക്കുകയുമായിരുന്നു. പിന്നാലെ കരുനാഗപ്പള്ളി തഹസിൽദാർ ജില്ലാ കലക്ടർക്കും പോലീസിലും പരാതി നൽകി. എന്നാൽ പി എസ് സിയുടെ തട്ടിപ്പാണെന്ന് ആരോപിച്ച് രാഖിയും കുടുംബവും കൊല്ലത്തെ പി എസ് സി റീജിയണൽ ഓഫീസിലെത്തി ബഹളം വെച്ചു. ഭർത്താവ് മാധ്യമങ്ങളെ വിളിച്ച് വരുത്തുകയും പി എസ് സി റാങ്ക് ലിസ്റ്റ് തിരുത്തിയെന്ന് ആരോപിക്കുകയും ചെയ്തു. അതേസമയം ഭർത്താവിന് രാഖിയുടെ കള്ളത്തരം അറിയുമായിരുന്നില്ലെന്നാണ് വിവരം

തുടർന്ന് പി എസ് സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞത്. രാഖി കുറ്റം സമ്മതിച്ചതായും സർക്കാർ ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷത്തിലാണ് വ്യാജ രേഖകൾ ഉണ്ടാക്കിയതെന്നും പോലീസ് പറയുന്നു. ഭർത്താവിനും കുടുംബത്തിനും രേഖകൾ വ്യാജമാണെന്ന കാര്യം അറിവുണ്ടായിരുന്നില്ല. രാഖിയെ വിശ്വസിച്ചാണ് ഇവർ ജോലിയിൽ പ്രവേശിക്കുന്നത് കാണാനായി കുടുംബസമേതം എത്തിയത്.
 

Share this story