സപ്ലൈകോ ഗോഡൗണിൽ നിന്ന് 2.78 കോടി രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ലെന്ന് പരാതി

തിരൂർ സപ്ലൈകോ ഗോഡൗണിൽ നിന്ന് കോടികളുടെ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. 2.78 കോടിയുടെ സാധനങ്ങളാണ് കാണാതായത്. റേഷൻ വിതരണത്തിന് എത്തിച്ച അരിയടക്കം കാണാനില്ലെന്നാണ് പരാതി. തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം

മലപ്പുറത്തെ 269 റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട മട്ട അരി, പുഴുങ്ങലരി എന്നിവയാണ് കാണാതായത്. 2022-23 വർഷങ്ങളിലെ ഇന്റേണൽ ഓഡിറ്റിംഗിനിടെയാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്. 

സപ്ലൈക്കോ കോഴിക്കോട് സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഡിറ്റ് കൃത്യമാണെന്ന് തെളിഞ്ഞു. തുടർന്ന് തിരൂർ ഡിപ്പോ മാനേജർ സാധനങ്ങൾ കാണാനില്ലെന്ന് കാണിച്ച് കൽപ്പകച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ജീവനക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. 

വിഷയത്തിൽ ഡിപ്പോയിലെ ഒഎസി ഉൾപ്പടെയുള്ള എട്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ജീവനക്കാരെ കൂടാതെ കരാറുകാരെ കേന്ദ്രീകരിച്ചാകും അന്വേഷണം നടക്കുക. കൽപ്പകച്ചേരി പൊലീസിന് പരാതി ലഭിച്ച ഉടനെ മലപ്പുറം ജില്ലാ മേധാവിയെ അറിയിക്കുകയും തുടർന്ന് സംഭവം അന്വേഷിക്കുന്നതിനായി താനൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു.

Share this story