റേഷൻ വ്യാപാരികൾ കടകളടച്ച് സമരത്തിലേക്ക്

Ration

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11ന് കടകളടച്ച് സമരം ചെയ്യുമെന്ന് അടൂർ പ്രകാശ് എംപി. നിത്യോപയോഗ സാധനങ്ങൾ ജനങ്ങൾക്ക് സുഭിക്ഷമായി കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും, കിറ്റ് വിതരണത്തിൽ സർക്കാർ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നു എന്നും എംപി ആരോപിച്ചു.

സമരത്തിന് മുന്നോടിയായി സെപ്റ്റംബർ 3ന് കോട്ടയത്ത് ചേരുന്ന സമര പ്രഖ്യാപന കൺവൻഷൻ സംസ്ഥാന പ്രസിഡന്‍റ് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കാടാമ്പുഴ മൂസ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കെ.ബി. ബിജു, ട്രഷറർ വി. അജിത് കുമാർ, ജയിംസ് വാഴക്കാല തുടങ്ങിയവർ പങ്കെടുക്കും.

2018 ൽ നടപ്പിൽ വന്ന വേതന പാക്കേജ് പരിഷ്കരിക്കുക (മിനിമം 30,000 രൂപ വേതനം അനുവദിക്കുക), കിറ്റ് കമ്മീഷനെ സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കുക, സെയിൽസ്മാന് മിനിമം വേതനം അനുവദിക്കുക, ഓണക്കാലത്ത് വിതരണം ചെയ്യുന്ന എ.എ.വൈ സൗജന്യ ഭക്ഷ്യക്കിറ്റിന് കമ്മീഷൻ അനുവദിക്കുക, ഇ പോസ് തകരാർ പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം കാണുക, പ്രതിമാസ വേതനം സമയബന്ധിതമായി നൽകുക തുടങ്ങി കേരളത്തിലെ റേഷൻ വ്യാപാരി സമൂഹം നേരിടുന്ന നിരവധി വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം.

ഓണത്തിന് 1000 രൂപ ഫെസ്റ്റിവെൽ അലവൻസ് പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് അടൂർ പ്രകാശ് എംപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ബിജു, സംസ്ഥാന വൈസ് പ്രസിഡന്‍റ് ജയിംസ് വാഴക്കാല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share this story