ബന്ധുവിന്റെ ഫോൺ പിടിച്ചെടുത്തു; പോലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി

പോലീസ് ഉദ്യോഗസ്ഥനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി. ആലപ്പുഴ കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർകോട്ടിക് സെൽ ഉദ്യോഗസ്ഥനായ ഷൈനെ അസഭ്യം പറഞ്ഞത്. ഹെബിൻ ദാസിന്റെ ബന്ധുവിന്റെ മകനെയും രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ ആൺകുട്ടിയുടെ ഫോൺ പോലീസുകാരൻ പിടിച്ചെടുത്തതാണ് ഫോൺ വിളിക്കുള്ള പ്രകോപനത്തിന് കാരണം
ആവശ്യമില്ലാത്ത പരിപാടിക്ക് നിന്നാൽ വിവരം അറിയുമെന്നാണ് ഹെബിൻ ദാസിന്റെ ഭീഷണി. നമ്മുടെ അടുത്ത് ആ പണി എടുക്കേണ്ട, എസ് ഐ ആണെങ്കിലും ആരാണെങ്കിലും ശരി. സാറിന് ആവശ്യമുള്ള എല്ലാ കേസും നമ്മളെ വിളിച്ചല്ലേ കൈകാര്യം ചെയ്യുന്നത്. രാകേഷിന് എന്നെ വിളിച്ചപ്പോ കിട്ടിയല്ലോ എന്നാണ് ഹെബിൻ ദാസ് പറയുന്നത്. ഇതിനിടയിൽ അസഭ്യ വാക്കുകളും ഉപയോഗിക്കുന്നുണ്ട്. സംഭവത്തിൽ ഹെബിൻ ദാസിനെതിരെ ഷൈൻ മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.