ആശങ്കക്കിടെ ആശ്വാസ വാർത്ത: നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള മൂന്ന് പേരുടെ ഫലം നെഗറ്റീവ്
Sep 13, 2023, 08:39 IST

നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ് എന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപയില്ലെന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാമ്പിളുകളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചത്
അതേസമയം സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്ന് കേന്ദ്രസംഘങ്ങൾ ഇന്ന് കോഴിക്കോട് എത്തും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആറിൽ നിന്നുള്ള സംഘവും പകർച്ചവ്യാധി പ്രതിരോധ വിദഗ്ധരടങ്ങുന്ന സംഘവുമാണ് കോഴിക്കോട് എത്തുക.