കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്

Gov

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതിയ മുന്നേറ്റം കുറിക്കുന്ന ലീപ് കോവര്‍ക്കിംഗ് സ്‌പേയ്‌സിന്റെ അംഗത്വ കാര്‍ഡ് പ്രകാശനവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരു വര്‍ഷത്തെ കാലാവധിയുള്ള അംഗത്വ കാര്‍ഡിലൂടെ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ ഉപയോഗിക്കാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, ഏയ്ഞ്ചല്‍സ്, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കാണ് ലീപ് അംഗത്വ കാര്‍ഡ് ലഭിക്കുക.

അനുയോജ്യമായ വര്‍ക്ക് സ്‌റ്റേഷനുകള്‍ മുന്‍കൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം, ഹഡില്‍ ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള കെഎസ്‌യുഎം പരിപാടികളിലേക്കുള്ള അംഗത്വം, പരിപാടികളില്‍ പങ്കെടുക്കുന്നതിന് 25 ശതമാനം സബ്‌സിഡി, രാജ്യത്തുടനീളമുള്ള ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്റേണ്‍ഷിപ്പുകള്‍ക്കൊപ്പം ലഭിക്കുന്ന സാങ്കേതിക പരിശീലനം, സ്റ്റാര്‍ട്ടപ്പ് മാച്ച് മേക്കിംഗ് അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ ലീപ് അംഗത്വ കാര്‍ഡിലൂടെ ലഭിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മെന്റര്‍ഷിപ്പ്, ബിസിനസ് വികസന സഹായം, ഫണ്ടിംഗ് അവസരങ്ങളിലേക്കുള്ള പ്രവേശനം, വിദഗ്ധ മാര്‍ഗനിര്‍ദ്ദേശം തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കും. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള ഗ്രാന്റുകള്‍, വായ്പകള്‍, മാര്‍ക്കറ്റ് ആക്‌സസ്, മെന്റേഴ്‌സ് കണക്ട്, ഇന്‍വെസ്റ്റര്‍ കണക്റ്റ് തുടങ്ങിയ കെഎസ്യുഎം പദ്ധതികളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഇതിലൂടെ ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും അതുവഴി സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനും ലീപ് കേന്ദ്രങ്ങള്‍ ചാലകശക്തിയായി വര്‍ത്തിക്കും.

Share this story