ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ശാന്തൻപാറയിൽ രണ്ട് വീടുകൾ തകർത്തു
Wed, 22 Feb 2023

ഇടുക്കിയിൽ വീണ്ടും കാട്ടാനയായ അരിക്കൊമ്പന്റെ ആക്രമണം. പുലർച്ചെ ഒരു മണിയോടെ നാട്ടിലിറങ്ങിയ അരിക്കൊമ്പൻ രണ്ട് വീടുകൾ തകർത്തു. ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തുവിന്റെയും അറുമുഖന്റെയും വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. കാട്ടാനയുടെ ആക്രമണസമയം വീടുകളിൽ ആളില്ലായിരുന്നു
അതേസമയം അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള നടപടിയെ കുറിച്ച് ആലോചിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരാനിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ മൂന്നാർ ഡിവിഷനിൽ ദേവികുളം റെയ്ഞ്ചിന്റെ പരിധിയിലാണ് അരിക്കൊമ്പൻ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.