കെഎസ്ആർടിസിയിൽ ഭരണപക്ഷ യൂണിയൻ പണിമുടക്കിന്

ksrtc

തിരുവനന്തപുരം: അംഗീകൃത യൂണിയനുകളുടെ പ്രതിഷേധത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയിലെ ഭരണപക്ഷ യൂണിയനായ എഐടിയുസിയും പണിമുടക്കിനൊരുങ്ങുന്നു. ശമ്പളമുടക്കം ശാശ്വതമായി പരിഹരിക്കുക, ഓണക്കാലാനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എഐടിയുസി നേതൃത്വത്തിലുള്ള കേരള ട്രാൻസ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവാണ് പണിമുടക്ക് തീരുമാനമെടുത്തത്.

ശമ്പള വിതരണം വൈകുന്നതിനെതിരെ അംഗീകൃത യൂണിയനുകളായ ടിഡിഎഫ് സിഎംഡി ബിജു പ്രഭാകറുടെ വീട്ടിലേക്കും, ബിഎംഎസ് സെക്രട്ടേറിയറ്റിന് മുന്നിലും പ്രതിഷേധ പരിപാടികൾ നടത്തുകയും പണിമുടക്കിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെയാണിപ്പോൾ ഭരണപക്ഷ യൂണിയനായ എഐടിയുസിയും പണിമുടക്കിലേക്ക് നീങ്ങുന്നത്.

ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ് എന്നിവ കഴിഞ്ഞ വർഷം നിഷേധിച്ചിരുന്നു. ഈ വര്‍ഷവും അത് നിഷേധിക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. ശമ്പള മുടക്കം ശാശ്വതമായി പരിഹരിക്കണം. കോടതി ഉത്തരവുകൾ മാനേജ്മെന്‍റിനും സർക്കാരിനും ബാധകമാകുന്നില്ലെന്നും ഈ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സൂചനാ പണിമുടക്കിന് പ്രസക്തിയില്ലെന്നും അനിശ്ചിതകാല പണിമുടക്കാണ് വേണ്ടെതെന്നും എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

കെഎസ്ആര്‍ടിസിയിലെ ഇതര സംഘടനകളുമായി വേഗത്തിൽ കൂടിയാലോചന നടത്തി പണിമുടക്ക് തീയതി പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു. ഓഗസ്റ്റ് മൂന്നാം വാരത്തോടെ പണിമുടക്ക് നടത്താനാണ് തീരുമാനം. തീയതി പ്രഖ്യാപിച്ച് നോട്ടീസ് നൽകുന്നത് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

Share this story