പത്താം ക്ലാസ് കഴിഞ്ഞവർക്ക് എഴുതാൻ അറിയില്ലെന്ന പ്രസ്താവന: സഭയില്‍ വിശദീകരണവുമായി സജി ചെറിയാൻ

Saji Cheriyan

തിരുവനന്തപുരം: പത്താം ക്ലാസ് കഴിയുന്ന വിദ്യാർഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ പരാമർശം വീണ്ടും തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന് അങ്ങനൊരു നിലപാടില്ല എന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തി.

ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവന. വിദ്യാർഥികളെ കുറിച്ചുള്ള പരാമർശത്തിൽ വലിയ വിമർശനം ഉയർന്നു. ഇതിനുപിന്നാലെ പ്രസ്താവന തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്തുവന്നിരുന്നു. അതേ നിലപാടാണ് ഇന്ന് നിയമസഭയിലും വിദ്യാഭ്യാസമന്ത്രി ആവർത്തിച്ചത്. പരാമർശം പ്രസംഗത്തിൻ്റെ ഒഴുക്കിൽ ഉണ്ടായതാകാം എന്ന് മന്ത്രി പറഞ്ഞു.

വൈകാരികമായിരുന്നു സജി ചെറിയാൻ്റെ വിശദീകരണം. തനിക്ക് ലഭിച്ച ഒരു കുട്ടിയുടെ അപേക്ഷയിലെ അക്ഷരതെറ്റുകൾ കണ്ടപ്പോൾ പ്രയാസമുണ്ടായി. അതുമൂലം പറഞ്ഞ കാര്യത്തെ പർവതീകരിക്കേണ്ടെന്നും സജി ചെറിയാൻ വിശദീകരിച്ചു.പ്രതിപക്ഷ എം എൽ എ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിനാണ് മന്ത്രിമാരുടെ മറുപടി.

സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. കേരളത്തിൽ കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. ആദിവാസി മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാൻ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സിബിഎസ്ഇയിൽ നിന്നും സ്റ്റേറ്റ് സിലബസിലേക്ക് വരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

Share this story