കല്യാശേരിയിലേത് സാമ്പിൾ വെടിക്കെട്ട്, ഇനി പൊടി പോലും കിട്ടില്ല: ഡിവൈഎഫ്‌ഐ നേതാവ്

sarin

കല്യാശ്ശേരിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡിവൈഎഫ്‌ഐ നേതാവ് സരിൻ ശശി. കല്യാശേരിയിലേത് സാമ്പിൾ വെടിക്കെട്ടാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചു. ഇനിയും പ്രതിഷേധവുമായി വന്നാൽ പൊടി പോലും കിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. 

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹനടക്കം ഏഴ് പേർക്ക് പരുക്കേറ്റു. ഇവരെ തളിപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നവകേരള സദസിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നും സിപിഎം പ്രവർത്തകർ പ്രകോപിതരാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 

Share this story